പത്തനംതിട്ട: ജില്ലയില് വെള്ളപ്പൊക്കം, മണ്ണിടിച്ചില് വരള്ച്ച തുടങ്ങി ആവര്ത്തിച്ചുവരുന്ന പ്രകൃതി ദുരന്തങ്ങള്ക്ക് ശാസ്ത്രീയ പ്രതിരോധം ആവശ്യമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയ്. ജില്ലാ ദുരന്തനിവരാണ അഥോറിറ്റിയുടെ ആഭിമുഖ്യത്തില് പത്തനംതിട്ട സെന്റ് പീറ്റേഴ്സ് കത്തീഡ്രല് ചര്ച്ച് പാരിഷ് ഹാളിൽ നടന്ന ശില്പശാലയിൽ സംസാരിക്കുകയായിരുന്നു അവർ.
ഓഗസ്റ്റിലുണ്ടായ കാലവര്ഷക്കെടുതി ജില്ലയെ സാരമായി ബാധിച്ചു. ഇനിയൊരു ദുരന്തമുണ്ടായാൽ ആഘാതം കുറയ്ക്കാൻ കഴിയണം. ഇതിന്റെ ഭാഗമായാണ് ദുരന്ത പ്രതിരോധ പദ്ധതി തയാറാക്കുന്നത്. വിവിധ വകുപ്പുകളുടെയും ജനപ്രതിനിധികളുടെയും പൊതുജനങ്ങളുടെയും പങ്കാളിത്തം പദ്ധതി രൂപീകരണത്തില് ഉറപ്പാക്കണമെന്നും അവര് പറഞ്ഞു.
ദുരന്തനിവാരണത്തിന് കൃത്യമായ ആസൂത്രണം ആവശ്യമെന്ന് മുഖ്യപ്രഭാഷണം നടത്തിയ ദുരന്തനിവാരണ, പരിസ്ഥിതി വിദഗ്ധന് ഡോ. മുരളി തുമ്മാരുകുടി പറഞ്ഞു. ദുരന്തവുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് ലഭിച്ചാല് എന്തു ചെയ്യണമെന്നുള്ളതില് പൊതുജനങ്ങള്ക്ക് വ്യക്തമായ ധാരണ നല്കണം. ഫലപ്രദമായ ഭൂവിനിയോഗ ആസൂത്രണത്തിനും ഏറെ പ്രാധാന്യമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ജില്ലാ കളക്ടര് എ. നിസാമുദ്ദീന്, കുസാറ്റ് പ്രഫ. ഡോ. എസ് അഭിലാഷ്, മണ്ണ് സംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര് എസ്. അരുണ്കുമാർ, കില അസോ. പ്രഫ. ഡോ. മോനിഷ് ജോസ് എന്നിവർ വിഷയാവതരണം നടത്തി.
പത്തനംതിട്ട നഗരസഭ ചെയര്പേഴ്സണ് സിന്ധു അനിൽ, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര് എ. വിജയൻ, ജില്ലാ പ്ലാനിംഗ് ഓഫീസര് ദീപ ചന്ദ്രൻ, ദുരന്തനിവാരണ വിഭാഗം ജൂനിയര് സൂപ്രണ്ട് അജിത്ത് ശ്രീനിവാസ്, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ ശില്പശാലയിൽ പങ്കെടുത്തു.